Thursday, August 23, 2012

എന്തിനെന്നറിയാതെ

അതെ...മനസ് ഒരു പ്രഹേളിക തന്നെയാണ്....................

ചിന്താശൂന്യമായ  യാമങ്ങള്‍  ആഗ്രഹിക്കുമ്പോള്‍

 ഓര്‍മ്മകളുടെ വേലിയേറ്റം...

 

ഒടുങ്ങാത്ത ആരവങ്ങളും നിലക്കാത്ത ഓളങ്ങളും.......

 

നിഷ്കളങ്കതയുടെ പൊട്ടിച്ചിരികളില്‍ നിന്ന് 

വലിച്ചെറിയപ്പെട്ടത്‌ ഏകാന്തതയുടെ തുരുത്തിലേക്ക്.....

നിമിനേരം കൊണ്ട് ഒന്നില്‍നിന്നു മറ്റൊന്നിലേക്കുള്ള 

അവിശ്വസനീയമായ പരിണാമം......................

ഒടുവില്‍ യുദ്ധം ചെയ്യേണ്ടി വന്നത് 

സ്വന്തം സ്വത്വത്തോടു തന്നെ........

പടവെട്ടി പടവെട്ടി സ്വയം ആരുമാല്ലാതാകുക......

വിരോധാഭാസങ്ങളിലൂടെ  സ്വയം നടന്നു കയറേണ്ടി വരിക.......

അസഹിഷ്ണുവായ ഒരു വിമതനെ സ്വയം വാര്‍ത്തെടുക്കേണ്ടി വരിക.....

ആഗ്രഹിക്കാത്ത വഴികളിലൂടെയുള്ള സഞ്ചാരിയാകുക....


നിനവുണരേണ്ട രാവുകളില്‍ കണ്ണുനീരിന്‍റെ  ഉപ്പും 

പരിഹാസ ശരങ്ങളുടെ ചവര്‍പ്പും വേദനകളുടെ കയ്പ്പും

 കലര്‍ന്നതെവിടെ  വച്ചാണ്..............................................?!

അവിടെ നിന്നുമാണ് എന്‍റെ  ഓര്‍മ്മകള്‍ ആരംഭിക്കുന്നത്.....

 

ഓര്‍മ്മകള്‍....... എന്‍റെ  ഓര്‍മ്മകള്‍...................

 

നിസ്സഹായതയുടെ തളര്‍ച്ചയുണ്ടതിന് .....

പ്രതിഷേധത്തിന്‍റെ  മൂര്‍ച്ചയുണ്ടതിന് .......

വെറുപ്പിന്‍റെ  തീക്ഷ്ണതയുണ്ടതിന് ............

എന്നിട്ടും മന്ദസ്മിതത്തിന്‍റെ മുഖാവരണം ....

ആടിത്തകര്‍ത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍..........

എന്നെ ഞാനല്ലാതാക്കിയ നിമിഷങ്ങള്‍........

 അല്ല.......എന്നെ ഇന്നിന്‍റെ  ഞാനാക്കിയ നിമിഷങ്ങള്‍...  

 

ഉറക്കത്തിന്‍റെ ആലസ്യം ആഗ്രഹിക്കുമ്പോഴെല്ലാം 

ചടുലമായ താളച്ചുവടുകളുമായി 

എന്‍റെ  ഓര്‍മ്മകള്‍............തിര തല്ലിയെത്തുന്ന  ഓര്‍മ്മകള്‍......

 

 

ഓര്‍മ്മകളില്‍ നിന്ന് മുക്തി തേടുമ്പോള്‍ കാണുന്നത് 

കാല്‍ക്കീഴില്‍ നിന്ന്‍ കുതറിമാറാന്‍ ശ്രമിക്കുന്ന മണ്‍ തരികളെയാണ് .....

കൈക്കുടന്നയില്‍ നിന്ന് ചോര്‍ന്നു പോകുന്ന ജീവിതത്തെയാണ് ...



 ഒരു വേള ,

ജീവിക്കുന്നത് ജീവിതത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടല്ല.....

മരിക്കാതിരിക്കുന്നതു മരണത്തോടുള്ള ഭയം കൊണ്ടുമല്ല................................

ജീവിതത്തിനും മരണത്തിനുമിടയിലെ ഈ നൂല്‍പാലത്തിലൂടെയുള്ള  യാത്ര....

അസഹ്യമെങ്കിലും വിധിയുടെ അനിവാര്യത..........................................

എന്തിനെന്നറിയാതെ........എങ്ങോട്ടെന്നറിയാതെ.....

 ഇനിയെത്രനാള്‍...........................................................!!!!!!!!!!!!!!!!!!!!!!!!!!!!!





Thursday, August 2, 2012

എന്‍റെ ചക്രവാളങ്ങളെ നീ നിശ്ചയിക്കാതിരിക്കുക.


എന്‍റെ  ചക്രവാളങ്ങളെ  നീ  നിശ്ചയിക്കാതിരിക്കുക.

എന്‍റെ  ലോകത്തേക്ക് എന്‍റെ  അനുവാദമില്ലാതെ
കടന്നു കയറാതിരിക്കുക ..
എന്‍റെ സ്വകാര്യതകള്‍ എന്‍റെതു മാത്രമാണ്.
അവയെ  പരസ്യമായി (രഹസ്യമായും)
വിചാരണ ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നില്ല.
ഞാന്‍ ഞാനും നീ നീയുമാണ്.
അതങ്ങനെതന്നെ ആയിരിക്കുകയും വേണം.


എന്നരികില്‍ കണക്കുകള്‍ നിരത്തരുത് ..
ഞാന്‍ തരുന്ന കണക്കുകള്‍ക്ക്  നിനക്കൊരിക്കലും
ഉത്തരമേകാനാകില്ല .......

കറുത്ത കൈകളിലമര്‍ന്ന ഇരുണ്ട ബാല്യത്തെ
വിധിയുടെ കൈകളിലൂടെ പകര്‍ന്നു നല്‍കേണ്ടി വന്ന
ഒരമ്മയാണ് ഞാന്‍..
സ്വാദും ഗന്ധവും നിറങ്ങളും
അകന്നു പോകുന്നതും നോക്കി ,
മൃദു മേനിയില്‍ നിന്ന് പൊടിഞ്ഞ രക്തത്തെ
വീര്‍പ്പടക്കി തുടക്കേണ്ടി വന്ന,
പിഞ്ചു പാദങ്ങളില്‍ വിലങ്ങണിയിക്കേണ്ടി വന്ന 
ഒരമ്മയാണ് ഞാന്‍..

ഞാനെന്ന  പെണ്മയുടെ ഊഷ്മളതയെ
നിരാശ്രയത്വത്തിന്‍റെ മഞ്ഞു പാളികൊണ്ട്‌ 
ഖനീഭവിപ്പിക്കുമ്പോള്‍ ,
എന്‍റെ ചോദ്യങ്ങള്‍ക്ക് മറുചോദ്യം മറുപടിയാക്കരുത്..
നിശ്ശബ്ദതയെ ആവരണമാക്കരുത്..

എന്‍റെ ലോകം എന്നോടൊപ്പം തുടരുകയും
 എന്നോടൊപ്പം ഒടുങ്ങുകയും  ചെയ്യും..
നിന്‍റെ കണക്കു പുസ്തകത്തെ ഞാന്‍ ഭയപ്പെടുന്നില്ല.
ജീവിതത്തില്‍ പിഴച്ച കണക്കുകള്‍ക്ക്‌
മരണാനന്തരം നീ കണക്കു ചോദിക്കരുത്..
ഞാനതിഷ്ടപ്പെടുന്നില്ല.
ജീവിതത്തില്‍ കൊട്ടിയടച്ച സ്വര്‍ഗ്ഗവാതില്‍
മരണാനന്തരം നീ തുറന്നിടരുത്..
ഞാനതിഷ്ടപ്പെടുന്നില്ല
വച്ചുനീട്ടിയ സ്വര്‍ഗ്ഗത്തേക്കാള്‍ നേടിയ നരകമാനെനിക്കിഷ്ടം..


ഞാന്‍ തരുന്ന കണക്കുകള്‍ക്ക്  നിനക്കൊരിക്കലും
ഉത്തരമേകാനാകില്ല .......
കാരണം അതിനുത്തരം എന്‍റെ കണക്കുപുസ്തകത്തിലാണ്.


'നഷ്ടങ്ങ'ളാണ്  എന്‍റെ ലാഭങ്ങള്‍..
വേദനകളാണ് എന്‍റെ നേട്ടങ്ങള്‍..
നീ എന്‍റെ ലാഭനഷ്ടങ്ങളെ   എണ്ണി തിട്ടപ്പെടുത്തരുത്.
ഒരു  വിലപേശലിന് ഞാനൊരുക്കമല്ല..
നേടിയതിനെ നഷ്ടപ്പെടുത്താന്‍
ആരും ആഗ്രഹിക്കില്ലല്ലോ....!!!!

എനിക്കെന്‍റെ ലോകമുണ്ട്..
അതില്‍ എന്നിലെ ആശകളുണ്ട്..നിരാശകളുണ്ട്..
വര്‍ണ്ണങ്ങളുണ്ട്.. ആശങ്കകളുണ്ട്..മാതാവുണ്ട്..
മകളുണ്ട്..സഹോദരിയുണ്ട്..
പ്രണയിനിയുണ്ട്..കാമുകിയുണ്ട്..
എന്നിലെ സ്ത്രീയുണ്ട്...
അതില്‍ "ഞാനു"ണ്ട്..
അറിയാതെ പോലും അവിടേക്ക് കടന്നു കയറാതിരിക്കുക ..
ഒരു പങ്കുവയ്ക്കലിന് ഞാനിനി ഒരുക്കമല്ല..ഒരു കീഴ്പ്പെടലിനും .....;


 എന്‍റെ  ചക്രവാളങ്ങളെ  നീ  നിശ്ചയിക്കാതിരിക്കുക..............

Sunday, July 29, 2012

എന്നിട്ടും ..

കാണാതെ പോയ  കിനാക്കളോടും 

കേള്‍ക്കാതെ പോയ സ്വരങ്ങളോടും 

പെയ്യാതെ പോയ മുകിലിനോടും 

വിടരാതെ പോയ  വസന്തത്തോടും

നുകരാതെ പോയ മധുവിനോടും

പുണരാതെ പോയ കുളിരിനോടും 

എന്നെ  അറിയാതെ  പോയ  നിന്നോടും 

ഒന്നു ചോദിച്ചോട്ടെ,  ഒന്നു മാത്രം .....

എന്തേ  വന്നില്ല ഇതു വരെ ....................?

ഞാനിവിടുണ്ടായിരുന്നല്ലോ...............;

എന്നിട്ടും...................

എന്തേ  വന്നില്ല ഇതു വഴി.......














Friday, July 20, 2012

പ്രഭാതം

പ്രഭാതം 



ഇന്നത്തെ  പകലസ്തമിക്കുമ്പോള്‍ 
ഉറവറ്റാത്ത  കണ്ണീരി'ന്നാണ്ടു' തികയുന്നു......


ഇരമ്പുന്ന ഇരവുകളും 
ഒളി മങ്ങിയ പകലുകളും 
നിണം വാര്‍ന്ന ഹൃദയവും 
സ്വപ്‌നങ്ങള്‍ ചോര്‍ന്ന മനസ്സും 
നനവ്‌ പടര്‍ന്ന നിശ്വാസങ്ങളും 
എനിക്ക് കൂട്ടായ് ............


ചിറകു മുളക്കും മുമ്പേ 
തളര്‍ന്നു വീണ കുഞ്ഞു പക്ഷികളും 
വിടരും മുമ്പേ
 കൊഴിഞ്ഞു വീണ മൃദു ദലങ്ങളും 
എന്‍റെ  കണ്മുന്നില്‍........




കോട്ടിയടയ്ക്കപ്പെട്ട വാതിലുകള്‍ 
എനിക്ക് ചുറ്റും................................


എന്‍റെ  യാത്ര അവസാനിയ്ക്കയാണ് .......................
എന്റെ ലോകം ചെറുതാവുകയാണ്.........................


ചുരുങ്ങി ചുരുങ്ങി .....ഇരുളിന്‍റെ  മഹാ ഗര്‍ത്തത്തിലേ യ്ക്ക് ...........
....വിലയം പ്രാപിക്കും മുമ്പേ.....................................


ആ മഹാ പ്രവാചകന്‍........എന്‍റെ  ഗുരുനാഥന്‍.. നീട്ടിയ 
നേര്‍ത്ത കൈത്തിരിനാളം ...........
എന്‍റെ ഒളിമങ്ങിയ കാഴ്ചകള്‍ക്കു  നിറ ക്കൂട്ടായെങ്കില്‍ .............


എന്നെ തട്ടിയുണര്‍ത്തിയ ശംഖൊലി  ........
എന്‍റെ  സിരകളില്‍ നിലയ്ക്കാത്ത പ്രവാഹമായെങ്കില്‍ ...........

എങ്കില്‍ മാത്രം......ഞാന്‍ തളര്‍ന്നൊന്നുറങ്ങട്ടെ .....




ദീപ്തമായ പ്രഭാതത്തിലേയ്ക്കു മിഴി നീട്ടാനായ്..................................................

Saturday, December 15, 2007

പ്രതീക്ഷ

പ്രതീക്ഷ


മഴ......വീണ്ടും അതേ മഴ.........
മഴയുമായി നേര്‍ത്ത മൌനസംവാദത്തിനിടെ
ഞാനെന്‍ മരവിച്ച മനസ്സിന്റ്റെ
നേര്‍ത്ത സ്പന്ദനങ്ങളറിഞ്ഞു...
മഴയില്‍ ഞാനാകെ കുതിര്‍ന്നു....

നീലാംബരിയുടെ ആരോഹണങ്ങള്‍ പടര്‍ന്നത്
എന്‍റ്റെ മനസ്സിലായിരുന്നു....
സമയസൂചിയില്‍ ഒരല്പം പകച്ച കാലത്തില്‍
എന്‍ നീലാംബരിക്കെന്തു സംഭവിച്ചു?!

സ്വരങ്ങള്‍ പതറുകയാണോ?
നവീന വര്‍ഷം എന്നു ഞാന്‍ ധരിച്ചത്
എന്റ്റെ കണ്ണീര്‍ക്കണങ്ങളായിരുന്നോ?
ഞാ‍നലിഞ്ഞത് എന്‍റ്റെ കണ്ണീര്‍ക്കയങ്ങളിലായിരുന്നോ?

പുല്‍ക്കൊടിത്തുമ്പിലെ ഹിമകണം കണ്ടപ്പോള്‍
ഞാന്‍ കരുതി - ഇന്നലെപ്പെയ്ത മഴത്തുള്ളിയെന്ന്....
അറിയാതെ പെയ്തിറങ്ങിയ മഴയുടെ
ഓര്‍മ്മയില്‍ ലയിച്ചു ഞാന്‍ നില്‍ക്കേ -
നീയോതി;അതു മൌനമാം രാത്രിയുടെ ആര്‍ദ്രത മാത്രമെന്ന്...!

മിഴിയില്‍ പകലിന്‍റ്റെ തീവ്രമാം രോഷാഗ്നിയില്‍
ബാഷ്പമായ് ഹിമബിന്ദു മാഞ്ഞിരിക്കാം...

ഉള്ളില്‍ ചിതാഗ്നിയായ്, എരിഞ്ഞു പടര്‍ന്ന്
കനലായ്,കരിയായ് തളര്‍ന്നത് -
എന്‍റ്റെ സ്വപ്നശലഭമായിരുന്നു..
ഒരു പകലുമതിനിരവുമായുസ്സു കിട്ടിയ
എന്‍ സ്വപ്നശകലങ്ങളായിരുന്നു..

താപാഗ്നിയാളവേ നിദ്രയെന്‍ മിഴികളെ
തഴുകാന്‍ മറന്നപോല്‍ നോക്കി നില്‍പ്പൂ..

മടി ചേര്‍ത്തു ദിനരാത്ര തന്ത്രികള്‍ മീട്ടിയ
മണിവീനയിന്നെന്‍റ്റെ
മൌനവാത്മീകത്തില്‍ കുടിയിരിപ്പൂ
നീലാംബരിയെന്നു നിനച്ചു ഞാന്‍
മീട്ടിയ‘താഹരി‘യായിരുന്നോ?
‘മലഹരി‘യെന്നൊര്‍ത്തു മൂളിയ
സംഗീതം ‘ബിലഹരി‘?!!വീണ്ടും പിഴക്കുന്നുവോ?


ഇടറുന്ന ചുവടുകള്‍..
പതറുന്ന മുദ്രകള്‍......
മായുന്ന വര്‍ണ്ണങ്ങള്‍...
പിടയുന്ന തന്ത്രികള്‍...

ഇല്ല....മുന്നേരുവാന്‍ ബലഹീനയാണു ഞാന്‍..
ഇടനെഞ്ചിനോലങ്ങള്‍,വിങ്ങലുകള്‍,തേങ്ങ്ലുകള്‍
ദിഗംബരം മുഴങ്ങുമലര്‍ച്ചയായ്,
ചുഴലിയായ്,പ്രളയമായ് തീരും മുന്‍പേ-
ഞാനുമെന്‍ നേര്‍ത്ത ഞരക്കവും
മണിവീണയ്ക്കൊപ്പം
എന്‍ മൌന വാത്മീകത്തിലേക്കു മടങ്ങട്ടെ.......

ഇനിയുമാ മഴയുടെ സംഗീതവും കാത്ത്..........

കഴിഞ്ഞുപോയ മഴയുടെ ആര്‍ദ്രതയില്‍ ലയിച്ച്.........

വരും....വരാതിരിക്കാനാകുമോ.........................?

Thursday, December 13, 2007

അസ്തിത്വം

അസ്തിത്വം
ആത്മാവു യാത്രയാകുകയാ‍ണ്;


ശരീരം ആത്മാവൊട്-


“ഇത്രയും നാമൊന്നിച്ചായിരുന്നു.
ഇനിയെന്ന്...........?”



“ഇല്ല,ഇനി ഒരിക്കലുമില്ല
അല്ലലില്ലാതെ , അസ്വസ്ഥതയില്ലാതെ
ഇനിയെങ്കിലും ഞാനാശ്വസിക്കട്ടെ,
ഞാന്‍ സ്വതന്ത്രനാകട്ടെ.
എന്നെ വെറുതേ വിട്ടേക്കു.”



ആത്മാവിനു എങ്ങനെ ഇതു പറയാന്‍ കഴിയുന്നുവെന്ന് ശരീരം അത്ഭുതപ്പെട്ടു.


“അരുത്,പോകരുത്-
ആത്മാവേ,നീയില്ലാതെ ഞാനെങ്ങനെയെന്‍ വരും ദിനങ്ങള്‍ തള്ളി നീക്കും?
അത്രമേല്‍ നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നല്ലോ..
എന്‍ മാംസത്തില്‍,രുധിരത്തില്‍,ഹ്രിദയത്തി-
ലെന്തിനെന്‍ നിശ്വാസവായുവില്‍ പോലും
നീ,നീമാത്രമായിരുന്നല്ലോ!”
ആത്മാവിന്റെ മറുപടി എന്തെന്നോ?!

“ഞാന്‍ ,നീ എന്നല്ലാതെ

നമ്മള്‍ എന്ന് ഒരിക്കല്‍ പോലും

നീ നിനച്ചിട്ടുണ്ടോ?
നിന്‍ രുധിരതില്‍,വായുവില്‍
ഹ്രിദയത്തിന്‍ താളത്തില്‍
കരളില്‍ മിഴിയിണകളില്‍
ജിഹ്വയില്‍,അധരങ്ങളില്‍
എന്തിനേറെ;യീ മലിനമാം
ഇരുളിന്‍ തടവറയില്‍പ്പെട്ട്
വീര്‍പ്പു മുട്ടുകയായിരുന്നല്ലോ,ഞാന്‍.
ഗുരുവിനെ നിന്ദിച്ച,പിത്രുക്കളെ നിന്ദിച്ച,
വധുവിവെ നിന്ദിച്ച,തനയരെ നിന്ദിച്ച
ദേഹമേ,നിന്‍ കൈകളില്‍ കറയെത്ര പറ്റീ?
ഈ കരങ്ങളില്‍ പിടഞ്ഞമര്‍ന്ന സ്ത്രീകളില്‍
കന്യകളെത്ര?അമ്മമാരെത്ര?
അവരുയര്‍ത്തിയ രോദനങ്ങള്‍
അഷ്ട ദിക്കിലും ‘ഹും’കാരമായിപ്പടരവേ
അലസിയ ഗര്‍ഭങ്ങളെത്ര?
തകര്‍ന്ന ഗര്‍ഭപാത്രങ്ങളെത്ര?
ഓര്‍ക്കുന്നുവോ നീ നിന്‍ യുവത്വ തിളപ്പുകള്‍?
ഞാന്‍ ആത്മാവ്,
എനിക്കു മരണമില്ല,ഞാനചഞ്ചലനാണ്.
‘ഓം’കാരം മുതല്‍ ഞാനുണ്ടായിരുന്നു,
മത്സ്യം,കൂര്‍മം,വരാഹ നരസിംഹം....
യുഗങ്ങളെത്ര കൊഴിഞ്ഞു?
ഇന്നീ കല്‍ക്കിയിലും ഞാനുണ്ട്.
കല്പാന്തങ്ങളെത്ര കഴിഞ്ഞാലും
ഞാന്‍,ഞാനുണ്ടായിരിക്കും.
എനിക്കു മരണമില്ല,ജഡത്വമില്ല.”
ദേഹം അത്ഭുതപ്പെട്ടു-
‘ശൈശവ,ബാല്യ,കൌമാര,യുവത്വങ്ങളില്‍
എന്നെ പ്രലോഭിപ്പിച്ച,
എന്റ്റെ പ്രജ്ഞയെയുണര്‍ത്തിയിളക്കിയ
എന്‍ ചിന്താധാരകളിലണക്കെട്ടു നിര്‍മ്മിച്ച,
എന്‍ കൈകളെ നിണമണിയിച്ച,
സ്ത്രീയുടെ ചാരിത്ര്യമളന്നു തൂക്കി വിലപറഞ്ഞ
ആത്മാവ് ഇന്നെന്നെ പരിഹസിക്കുന്നു..
പക്ഷേ പിന്നെയാ ദേഹം നിശ്ശബ്ദത പുല്‍കി.
ആത്മാവു തുടര്‍ന്നു.
“ഞാന്‍ ദേഹി
എനിക്കു മരണമില്ല,ഞാനചഞ്ചലനാണ്.
എനിക്കസ്തിത്വമുണ്ട്
ക്ഷുദ്രനായ നിന്നെയോര്‍ത്തു ഞാന്‍ സഹതപിക്കുന്നു.
ഇനിയും എത്രയോ ദേഹങ്ങള്‍ ഞാന്‍ കാണും,
അവയുദെ നശ്വരതയെ ദര്‍ശിക്കും!
സമയമതിക്രമിക്കുന്നു...
ഞാന്‍ പൊകട്ടെ!
പിരിയാറായി...
പിരിയാറായി...“
ശരീരം ഒന്നു പിടഞ്ഞു.
പിന്നെ,പതിയെപ്പതിയെ
പെരുവിരല്‍ പെരുത്തു.
ആത്മാവു ശരീരത്തില്‍നിന്നു-
യര്‍ന്നുത്തമാംഗത്തിലൂടെ പുറത്തു ചാടി,
“ഞാന്‍ ചിരഞ്ജീവി..
എനിക്കസ്തിത്വമുണ്ട്..”
ദേഹം നിശ്ചലമായി..
ദേഹി പറന്നകന്നു പുതിയ ശരീരവും തേടി.....
കാലം പറന്നു....
യുഗങ്ങള്‍ക്ക്ഒടുവില്‍-
ഇളയുടെ മാറു പിളര്‍ത്തിയ
നരവംശ വിദ്യാര്‍ത്ഥികള്‍
ദേഹത്തിന്നവശിഷ്ടങ്ങള്‍ - അസ്ഥികള്‍ കണ്ടു.
അസ്ഥി മുറുകേപിടിച്ച്
ആഹ്ലാദവിവശരായി അവര്‍ പറഞ്ഞു,
“കലിയുഗ മനുഷ്യന് ‘അസ്ഥിത്വ‘മുണ്ടായിരുന്നു,
തികഞ്ഞ ‘അസ്ഥിത്വം‘.!!!!”